കാസര്‍കോട് 15കാരിയും യുവാവും മരിച്ച സംഭവം : മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തിലധികം പഴക്കം : പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു

ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും അയല്‍വാസി പ്രദീപിനെയും കാണാതായത്

കാസര്‍കോട് : കാസര്‍കോട് പൈവളിഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസുകാരിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയിലായിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

അതേസമയം, ആത്മഹത്യയ്ക്കു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും അയല്‍വാസി പ്രദീപിനെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താന്‍ വൈകിയതെന്ന ആരോപണവും ഉയരുന്നുണ്ട്.  ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ പ്രദീപിനേയും ഇതേദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. കുട്ടിയുടെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.

ഇന്നലെ രാവിലെ മുതല്‍ 52 അംഗ പോലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. പോലീസ് ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.

Share
Leave a Comment