
കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ താവക്കര ബസ് സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവർ കാലങ്ങളായി ലഹരി കച്ചവടം നടത്തുന്നവരാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മട്ടന്നൂർ, വളപട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്നോളം കേസുകൾ ഇവർക്കെതിരെയുണ്ട്. നിഹാദ് കാപ്പാകേസ് പ്രതിയാണ്. ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയിട്ട് കുറച്ച് കാലമേയായുള്ളുവെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രി 11.30 തോടെയാണ് നിഹാദ് മുഹമ്മദും അനാമികയും പൊലീസിന്റെ പിടിയിലായത്. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ലഹരി ഇടപാടുകാരെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണൂർ മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന ലോഡ്ജിലാണ് നിഹാദ് മുഹമ്മദും അനാമികയും മുറിയെടുത്തത്. കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിലായിരുന്നു ഇരുവരും മുറിയെടുത്തത്. ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുത്ത് നിരവധി പേർ താമസിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുക്കുന്നുണ്ടെന്നും നിരവധി പേർ താമസിക്കുന്നുണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ് പോലീസ് പരിശോധനയ്ക്കെത്തിയത്.പോലീസ് ലോഡ്ജിൽ എത്തിയപ്പോൾ യുവാവും യുവതിയും അങ്ങോട്ടുവരികയും പോലീസിനെ കണ്ടപ്പോൾ പരുങ്ങുകയും ഇറങ്ങി ഓടാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരെയും പോലീസ് കീഴ്പ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് യുവാവിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. നിഹാദിൽ നിന്ന് 4 ഗ്രാം എംഡിഎംഎയും അനാമികയിൽ നിന്ന് 50 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
Post Your Comments