‘ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല’ ; ആരോപണവുമായി കുടുംബം

 

കയര്‍ ബോര്‍ഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കുടുംബം. എംഎസ്എംഇ മന്ത്രാലയത്തിന്റെ അന്വേഷണം തെറ്റായ ദിശയിലാണ്. കയര്‍ ബോര്‍ഡ് ഓഫിസില്‍ വിളിച്ച് വരുത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല. ആരെ സംരക്ഷിക്കാനാണ് കയര്‍ ബോര്‍ഡ് നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ജോളി മധുവിന്റെ സഹോദരന്‍ എബ്രഹാം പറഞ്ഞു.

Read Also: തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ച് അന്വേഷണ കമ്മറ്റിയെ പോയി കാണുകയും ചെയ്തു. ശേഷമുള്ളകാര്യങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണം നടത്തിയ രീതിയോടും യോജിപ്പില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് എന്താണെന്ന് അവര്‍ എഴുതിയെടുക്കുക പോലും ചെയ്തില്ല. അന്വേഷണം നടക്കേണ്ട രീതിയിലല്ല നടന്നത് എന്ന വിശ്വാസം ഞങ്ങള്‍ക്കെല്ലാമുണ്ട് – അദ്ദേഹം പറഞ്ഞു.

ജോളി മധുവിന്റെ ശബ്ദസന്ദേശം ഉള്‍പ്പടെ നേരത്തെ പുറത്ത് വന്നിരുന്നു്. മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചെയര്‍മാന്‍ വിപുല്‍ ഗോയലും ചേര്‍ന്ന് വേട്ടയാടിയെന്നാണ് പരാമര്‍ശം. ഇവരുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും ജോളി മധുവിന്റെ ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കയര്‍ ബോര്‍ഡിലെ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്നു ജോളി. തൊഴിലിടത്തില്‍ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും അതിനെ തുടര്‍ന്നാണ് ജോളി മരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

 

Share
Leave a Comment