
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളി. റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഉള്ളത്. പാകിസ്താന്‍ വംശജനായ മുസ്ലീമായതിനാല്‍ ഇന്ത്യ തന്നെ പീഡിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു തഹാവൂര്‍ റാണ അപേക്ഷ നല്‍കിയിരുന്നത്.
കനേഡിയന്‍ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നത് അടിയന്തര അപേക്ഷയായാണ് റാണ സമര്‍പ്പിച്ചിരുന്നത്. തഹാവുര്‍ റാണ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.
പാകിസ്താന്‍ വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. പാകിസ്താനിലെ സൈനിക ഡോക്ടറായിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തത്. തുടര്‍ന്ന് അമേരിക്കയി ഷിക്കാഗോയില്‍ എത്തി വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്‌കര്‍ ഭീകരര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറണമെന്നും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.
2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.
Post Your Comments