ന്യൂഡൽഹി: കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി. ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ ഏജൻസി. രണ്ടു ദിവസം ഇഡി കസ്റ്റഡിയിൽ ഫൈസിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 12 ഇടങ്ങളിൽ പരിശോധന നടന്നത്.
കേരളത്തിൽ തിരുവനന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും പരിശോധന നടന്നു. എസ്ഡിപിഐക്ക് പ്രവർത്തിക്കാൻ ആവശ്യമായ പണം നൽകിയിരുന്നത് പോപ്പുലർ ഫ്രണ്ടായിരുന്നു എന്നും ഇരു സംഘടനകളുടെയും അണികളും നേതാക്കളും ഒന്നുതന്നെയാണെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്ഡിപിഐയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയത്.
ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ജയ്പൂർ, താനെ, ഹൈദ്രാബാദ്, റാഞ്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലും മലപ്പുറത്തെ ചില കേന്ദ്രങ്ങളിലും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവിധ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്.
കേരള പൊലീസിനെ അറിയിക്കാതെ ടാക്സി കാറിലടക്കം എത്തിയാണ് ചെന്നൈ, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കേന്ദ്ര സേന പരിശോധനയ്ക്ക് സുരക്ഷ ഒരുക്കി. കേരളത്തിനൊപ്പം ദില്ലിയിലെ ദേശീയ ആസ്ഥാനത്തും ബെംഗളുരു, താനെ, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, എന്നിവിടങ്ങളിലും പരിശോധന നടന്നു. പരിശോധന പൂർത്തിയായതിന് പിന്നാലെ മലപ്പുറം,തിരുവനന്തപുരം എന്നിവിടങ്ങളിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
Leave a Comment