മലയാള സിനിമയിലെ പ്രിയനടൻ കലാഭവന്‍ മണിയുടെ ഓർമ്മദിനത്തിൽ സംവിധായകന്‍ വിനയന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്‌നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണിയെന്നു വിനയന്‍ കുറിച്ചു.
സിനിമയിലെ പ്രബലശക്തികളുടെ സമ്മര്‍ദ്ദത്താല്‍ തന്റെ മുന്നില്‍ വന്നു പെടാതെ ഓടി മാറുന്ന മണിയേയും താന്‍ കണ്ടിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ ഉണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ പവര്‍ഗ്രൂപ്പ് എന്ന് ഇന്നറിയപ്പെടുന്ന ഫിലിം ഇന്‍ഡസ്ട്രയിലെ വിവരദോഷികളായ ചില സംവിധായകരും നടന്‍മാരും ചേര്‍ന്ന് മലയാള സിനിമയില്‍ അന്നു കാട്ടിക്കൂട്ടിയ വൃത്തികേടുകളും താന്‍പോരിമയും ഒരു വമ്പനേയും ഭയക്കാതെ വിളിച്ചു പറയാനും അത് ചരിത്രത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞുവെന്നും വിനയന്‍ കുറിച്ചു.
‘അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട എന്നു പേരിട്ട ഒരു സിനിമയുടെ പൂജക്ക് വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകന്‍ സലിം ബാവയുടെയും മണിയുടെയും നിര്‍ബന്ധപ്രകാരം ഞാന്‍ പോയി ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നു. ഞാന്‍ വിളക്കു കൊളുത്തി എന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ നടത്താന്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ ഇരിക്കുന്ന ചില സംവിധായകര്‍ അന്ന് സമ്മതിച്ചില്ല. ആ സിനിമയുടെ പേരുമാറ്റി അവര്‍ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലേ ഷൂട്ടിങ് നടത്തിക്കൂ എന്നു വാശി പിടിച്ചു. ഗത്യന്തരമില്ലാതെ ആ നിര്‍മ്മാതാക്കള്‍ സിനിമയുടെ പേരുമാറ്റി ‘പ്രമുഖന്‍’ എന്നാക്കി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിങ് തുടങ്ങി. എങ്ങനുണ്ട് നമ്മുടെ സാംസ്‌കാരിക നായകര്‍. ഈ വിളക്കു കൊളുത്തിയ ശ്രീമാന്‍ ഞാന്‍ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിന്‍ സെക്രട്ടറിയായി വിനയന്‍ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്. ഇത്രക്കു പക മനുഷ്യനുണ്ടാകാമോ? പലര്‍ക്കും ഇതുകേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല അല്ലേ? ഒരു പാവം മനുഷ്യനായ സലിം ബാവ സാക്ഷി ആയുണ്ട്. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചുപറഞ്ഞ സംവിധായകന്‍ സലിംബാവ ഇന്നും ജീവിച്ചിരിപ്പുണ്ട് സുഹൃത്തുക്കളേ.. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും.’
അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കലാഭവന്‍ മണിയുടെ സ്മാരകം ഇത്രയും കാലം തുടര്‍ന്നുഭരിച്ചിട്ടു പോലും ഇടതു പക്ഷ സര്‍ക്കാരിനു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു. ഉടനെ അതിനൊരു പരിഹാരം ഉണ്ടാവണം എന്നും വിനയന്‍ കുറിച്ചു.
Leave a Comment