പെൺമക്കളുമൊത്ത് ആത്മഹത്യ ചെയ്ത ഷൈനി ഭർത്താവിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം : ശബ്ദ സന്ദേശം പുറത്ത്

മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

കോട്ടയം: ഏറ്റുമാനൂരിൽ രണ്ട് പെൺ മക്കളുമൊത്ത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം. ഇത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജോലി കിട്ടാത്തതിലും കുടുംബ പ്രശ്നങ്ങളിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാകുന്നു. വിവാഹ മോചനത്തിന് ഭർത്താവ് നോബി സഹകരിക്കുന്നില്ലെന്ന് സുഹൃത്തിനോട് ഷൈനി പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്.

ഷൈനി സുഹൃത്തിനയച്ച ശബ്ദസന്ദേശം ഇങ്ങനെ

നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല.

പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല. വക്കീൽ ഇനി ഏപ്രിൽ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല.

ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്.

Share
Leave a Comment