മസ്ക്കറ്റ് : കുറഞ്ഞ ചെലവിൽ ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. മാർച്ച് 4-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സാമൂഹികമാധ്യമങ്ങളിലെ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം പരസ്യങ്ങളുടെ ഭാഗമായി വരുന്ന ഇലക്ട്രോണിക് ലിങ്കുകൾ വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്നതിനും, പണം തട്ടിയെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ളവയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്നും, ഇത്തരം പരസ്യ സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള ഇലക്ട്രോണിക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ പങ്ക് വെക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Leave a Comment