
ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 5ലെ വിജയിയും ഗായികയുമായ കല്പന മലയാളികൾക്ക് ഏറെ പരിചിതയാണ്. കഴിഞ്ഞ ദിവസം കൽപ്പന രാഘവേന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. താരം ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൽപനയുടെ മകൾ ദയാ പ്രസാദ് പ്രഭാകർ. അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദയയുടെ വാക്കുകൾ ഇങ്ങനെ, ‘അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല. അമ്മ പൂർണ ആരോഗ്യവതിയാണ്. സുഖം പ്രാപിച്ചിട്ടുണ്ട്. അമ്മ എന്നും സന്തോഷവതിയും ആരോഗ്യവതിയും തന്നെ ആയിരിക്കും. അവരൊരു ഗായികയാണ്. നിലവിൽ പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നുണ്ട്. ഇത് ഉറക്കം ഇല്ലാതാക്കി. ഇതേ തുടർന്ന് അമ്മ ചികിത്സ തേടുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച ഗുളിക കഴിച്ച് വരികയാണ്. പക്ഷേ സമ്മർദ്ദം കാരണം ഗുളികയുടെ അളവ് കൂടിപ്പോയി. അല്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്’.
രണ്ട് ദിവസമായിട്ടും കല്‍പ്പന വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്‍റ് സെക്യൂരിറ്റിയെ അയല്‍ക്കാര്‍ വിവരം അറിയിക്കുക ആയിരുന്നു. പിന്നാലെ പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനകത്ത് കയറിയപ്പോൾ കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments