ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളില്‍ ഒന്നായ സ്‌കൈപ്പ്, 22 വര്‍ഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതല്‍ സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമല്ലെന്ന് എക്‌സ്ഡിഎയുടെ റിപ്പോര്‍ട്ടിലാണ് പറയുന്നത്.
2003-ല്‍ നിക്ലാസ് സെന്‍സ്‌ട്രോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ വീഡിയോ ടെലിഫോണി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സ്‌കൈപ്പ് പഴയതുപോലെ ജനപ്രിയമല്ലെങ്കിലും, 36 ദശലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ബന്ധപ്പെടാന്‍ ദിവസവും സ്‌കൈപ്പിന്റെ സേവനം ഉപയോഗിച്ചതായി മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.
2011-ല്‍ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിനാണ് സ്‌കൈപ്പ് ഏറ്റെടുത്തത്. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഐമെസേജിന് വെല്ലുവിളി ഉയര്‍ത്തുന്നതിനായി ടെക് ഭീമന്‍ സ്‌കൈപ്പിനെ രണ്ടുതവണ പുനര്‍രൂപകല്‍പ്പന ചെയ്യുകയും വിന്‍ഡോസ്, ഇപ്പോള്‍ നിലവില്ലാത്ത വിന്‍ഡോസ് ഫോണുകള്‍, എക്‌സ്‌ബോക്‌സ് തുടങ്ങിയ സ്വന്തം ഉല്‍പ്പന്നങ്ങളുമായും സംയോജിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റ് തന്നെ 2017-ല്‍ പുറത്തിറക്കിയ ടീംസ് ആപ്പ് സ്‌കൈപ്പിന് കനത്ത വെല്ലുവിളിയായിട്ടുണ്ട്. വര്‍ക്ക്‌സ്‌പേസ് ചാറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഫയല്‍ സ്റ്റോറേജ് തുടങ്ങിയ ഓപ്ഷനുകള്‍ മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. സ്‌കൈപ്പ് അടച്ചുപൂട്ടിയാല്‍ ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റ് ടീംസിലേക്ക് ചേക്കേറേണ്ടിവരും. മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ പാസ് വേഡും യൂസര്‍നെയിമും ഉപയോഗിച്ച് ടീംസിന്റെ പ്രവര്‍ത്തനം ഉപയോഗിക്കാം.
എന്താണ് സ്‌കൈപ്പ്?
ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്‌കൈപ്പ്. നിക്ലാസ് സെന്‍സ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകര്‍ ആരംഭിച്ച സേവനം വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി മാറി. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ എന്നിവയാണ് സ്‌കൈപ്പ് പ്രധാനമായും ഉപയോക്താക്കള്‍ക്ക് നല്‍കിയ സേവനങ്ങള്‍.
Leave a Comment