തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ അച്ഛൻ അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തി ബന്ധുക്കള്‍ക്കും അയൽവാസികള്‍ക്കുമൊപ്പം ആദ്യം പോയത് മകന്‍റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ഷെമീനെയെ കാണാൻ. ഇളയമകൻ അഫ്സാനെക്കുറിച്ചടക്കം ചോദിച്ച ഷെമീനയോട് എന്തു പറയണമെന്നറിയാതെ റഹീം നിന്നു.
തനിക്ക് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഷെമീന റഹീമിനോടും പറഞ്ഞത്. ഇളയമകൻ അഫ്സാനെ കാണണമെന്നും ഷെമീന പറഞ്ഞു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ ഷെമീന അന്വേഷിച്ചു. വിങ്ങിപ്പൊട്ടിയാണ് ആശുപത്രിയിൽ നിന്നും റഹീം പുറത്തേക്കിറങ്ങിയത്. വെഞ്ഞാറമൂട്ടിലെ ആശുപത്രിയിൽ നിന്ന് താഴെ പാങ്ങോട് ജുമാ മസ്ജിദിലെ കബറിടത്തിലെത്തി.
കുഞ്ഞുമകൻ അഫ്സാന്റെ കബറിടമായിരുന്നു റഹീം ആദ്യം അന്വേഷിച്ചത്. സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ട അഫ്സാൻ, ഉമ്മ സൽമാ ബീവി, സഹോദരൻ, സഹോദരന്‍റെ ഭാര്യ എന്നിവരുടെ കബറുകള്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. റഹീമിനെ ആശ്വസിപ്പിക്കാനറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും കുഴങ്ങി. 7 വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്.
രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. ഇപ്പോൾ തിരികെയെത്തുമ്പോൾ കുടുംബം തന്നെ ഇല്ലാതായ അവസ്ഥ. കുഞ്ഞുമകൻ പോയി, ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, മൂത്ത മകൻ കൂട്ടക്കൊലക്കേസ് പ്രതി. ഇതിനെല്ലാം കാരണമായ കടബാധ്യത നാട്ടിലും മറുനാട്ടിലും.
Leave a Comment