അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി : ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അഫാന്‍ പൊലീസിന് മൊഴി നൽകിയിരുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതാവിന്റെ മാതാവ് സൽമ്മ ബീവിയെ കൊന്ന കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അഫാന്‍ പൊലീസിന് മൊഴി നൽകിയിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി.

എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയതായാണ് വിവരം.

വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാന്‍ പറയുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരില്‍ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തി.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും മുത്തശ്ശിയും കാര്യമായി സഹായിച്ചിരുന്നില്ലെന്നും അഫാന്‍ പറയുന്നു. കടബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ സഹായിച്ചില്ല. നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തു. ഈ കാരണത്താല്‍ ഇവരോട് പകയുണ്ടായിരുന്നതായും അഫാന്റെ മൊഴിയിലുള്ളതായാണ് വിവരം.

താനില്ലെങ്കിൽ അവൾ വേണ്ട എന്ന തീരുമാനമാണ് ഫർസാനയെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നും അഫാൻ പൊലീസിന് മൊഴി നൽകിയതായാണ് സൂചന. സംഭവ ദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Share
Leave a Comment