മൂന്ന് പേരുടെ തലയ്ക്ക് അടിച്ച് കൊന്നശേഷം അഫാൻ പോയത് ബാറിലേക്ക് : മദ്യത്തിൻ്റെ ലഹരിയിൽ രണ്ട് പേരെ വീണ്ടും തീർത്തു

ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തിയാണ് സഹോദരനെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊലപാതക ശേഷം എലിവിഷം കഴിച്ച അഫാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയില്‍ തുടരുമെന്നാണ് അറിയുന്നത്. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരു.

ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തിയാണ് സഹോദരനെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അടുത്ത ദിവസങ്ങളില്‍ ഷെമിയുടെ മൊഴിയെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് സംസ്ഥാനതത്തെയാകമാനം ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമില്‍ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. അഫാന്‍ നേരത്തെ മുത്തശിയുടെ സ്വര്‍ണ മോതിരം പണയം വെച്ചിരുന്നു.

കൂടുതല്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവര്‍ന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്.

ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെണ്‍സുഹൃത്ത് ഫര്‍സാനയോട് വീട്ടില്‍ വന്ന് തന്റെ മുറിയില്‍ ഇരിക്കാന്‍ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയാണ് അഫാന്‍ പെണ്‍സുഹൃത്തിനെയും സഹോദരനേയും കൊലപ്പെടുത്തുന്നത്.

Share
Leave a Comment