കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ മാളില്‍ നിന്ന് കണ്ടെത്തി

ട്രക്ക് പാത്ത് അളക്കുന്നതിനായി പോയപ്പോഴാണ് രാജനെ കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജനെ വനംവകുപ്പിന്റെ സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ചു. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിച്ചു. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം.

വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി,റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാര്‍, വനം – വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവരും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്യും.

Share
Leave a Comment