മാർപാപ്പയുടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു, ‘അപകടനില തരണം ചെയ്തിട്ടില്ല, അതീവ ഗുരുതരാവസ്ഥ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമാണെന്ന് വത്തിക്കാനിൽ നിന്നും അറിയിപ്പ്. മാർപാപ്പയുടെ ആരോഗ്യാവസ്ഥ ഇന്നലത്തേതിനേക്കാൾ മോശമാണെന്നും മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു. പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു. തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകി. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ നൽകുകയാണെന്നും വത്തിക്കാൻ അറിയിച്ചു. പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.അതേസമയം, പോപ്പ് ഇപ്പോഴും ബോധവാനാണെന്ന് അധികൃതർ വ്യക്തമാക്കി. മാർപാപ്പയുടെ സന്ദേശവും വത്തിക്കാൻ പുറത്തുവിട്ടു. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് അഭ്യർത്ഥിക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്ദേശങ്ങൾ അയച്ചവർക്കും മാർപാപ്പ നന്ദി അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘവും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാപ്പ മരണാസന്നനായ നിലയിലല്ലെന്നും ചികില്‍സകളോട് പ്രതികരിക്കുന്നുണ്ടെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാപ്പ ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും. പ്രായവും മറ്റ് ആരോഗ്യപശ്ചാത്തലവും കണക്കാക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കി‌ടക്കയില്‍നിന്ന് എഴുന്നേറ്റ് വീല്‍ ചെയറില്‍ ഇരിക്കാന്‍ പാപ്പയ്ക്ക് കഴിയുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. തന്റെ ആരോഗ്യ സ്ഥിതിയില്‍ ഒന്നും മറച്ചുവയ്ക്കരുതെന്നും വിവരങ്ങള്‍ കൃത്യമായി ലോകത്തെ അറിയിക്കണമെന്നും പാപ്പ നിര്‍ദേശിച്ചതായി ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

Share
Leave a Comment