കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: ഇന്ന് ബിജെപി ഹര്‍ത്താല്‍

ആറളത്ത് കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറളം പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. വന്യജീവികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ബിജെപി നേതൃത്വം ആരോപിച്ചു. അതേസമയം, വിഷയത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. വൈകുന്നേരം 3.00 മണിക്ക് ആണ് യോഗം.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുമായി സംസാരിച്ചു അടിയന്തര യോഗം വിളിക്കുകയായിരുന്നു . അടിക്കാടുകള്‍ ഉടന്‍ വെട്ടി മാറ്റാന്‍ യോഗം തീരുമാനിച്ചു. ആനകളെ ഉള്‍ക്കാട്ടി ലേക്ക് തുരത്താന്‍ ഉള്ള നടപടി തുടരും. ആനമതില്‍ പണി വേഗത്തില്‍ ആക്കാന്‍ നാളത്തെ യോഗത്തില്‍ TRDM നോട് ആവശ്യപ്പെടും . നാളത്തെ യോഗത്തില്‍ജില്ലാ കളക്ടര്‍, പോലീസ്, വനം , ട്രൈബെല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി പത്ത് ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നല്‍കുന്നതാണ്.ഇന്ന് രാവിലെയായിരുന്നു ദമ്പതികള്‍ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്.ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചു.

Share
Leave a Comment