വർഗീയ വിദ്വേഷ പരാമര്‍ശ കേസ് : പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു

കോട്ടയം : മത വിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. രാവിലെ പത്തിന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പോലീസ് സ്റ്റേഷനിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹം കോടതിയില്‍ കീഴടങ്ങുകായായിരുന്നു.

അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങാനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതിയും തുടര്‍ന്ന് കേരള ഹൈക്കോടതിയും തള്ളിയിരുന്നു.

പി സി ജോര്‍ജിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശമുയര്‍ത്തുകയും ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ പി സി ജോര്‍ജ് ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിരുന്നു.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Share
Leave a Comment