KeralaLatest NewsNews

മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയെ വളച്ചെടുത്തു : വിവാഹ വാഗ്ദാനം നൽകി വിരുതൻ കവർന്നത് 85,000 രൂപ

സംശയം തോന്നി വിവരങ്ങൾ ചോദിച്ചതോടെ ഇയാൾ യുവതിയെ ബ്ലോക്ക് ചെയ്തു

മാനന്തവാടി : മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്മോൻ(37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്ദമായി പിടികൂടിയത്.

മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. യുവതിയിൽ നിന്നും 85,000 രൂപയാണ് ഇയാൾ തട്ടിയത്. ആൾമാറാട്ടം നടത്തിയാണ് ഇയാൾ മാട്രിമോണി സൈറ്റിൽ കയറിയത്. വ്യാജ പ്രൊഫൈൽ വഴി പരിചയപ്പെട്ട യുവതിയെ ഫോണിലൂടെയും വാട്സ്ആപ്പ് വഴിയും ബന്ധപ്പെട്ടു. പിന്നീട് യുവതിയുടെ ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു.

ഇവരെ വിശ്വസിപ്പിച്ച് രതീഷ് യുവതിയുമായി ബന്ധം തുടർന്നു. ഇതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85,000 രൂപ യുവാവ് കൈക്കലാക്കി. പീന്നീട് സംശയം തോന്നി വിവരങ്ങൾ ചോദിച്ചതോടെ ഇയാൾ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെ യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു.

2023- ൽ എറണാകുളം ഹിൽ പാലസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. പ്രതി ഇത്തരത്തിൽ കൂടുതൽ പേരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ നജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ സി. വിനീഷ, പി.പി. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button