സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു

 

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതമുണ്ടായാണ് അപ്രതീക്ഷിത വിയോഗം. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയായ റസല്‍. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ വെച്ചാണ് കഴിഞ്ഞ ജില്ലാ സമ്മേളനം രണ്ടാം തവണയും കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസല്‍ തെരഞ്ഞെടുത്തത്.

Read Also: രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40 കാരനായ അച്ഛന്‍

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എ വി റസല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വി. എന്‍.വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ല സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.

1981 മുതല്‍ സിപിഐ എം അംഗമായ റസല്‍, കഴിഞ്ഞ 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നു. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത. മരുമകന്‍: അലന്‍ ദേവ്.

Share
Leave a Comment