ബാലകൃഷ്ണയുടെ വില്ലനായി സഞ്ജയ് ദത്ത് : പാൻ ഇന്ത്യൻ സിനിമയാകാനൊരുങ്ങി ” അഖണ്ഡ 2 ”

നിലവിൽ സംവിധായകൻ ബോയപതി ശ്രീനു സഞ്ജയ് ദത്തുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്

ഹൈദരാബാദ് : ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് തെലുങ്കിൽ ബാലകൃഷ്ണയുടെ അഖണ്ഡ2 ൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് റിപ്പോർട്ട്. ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ 2, പാൻ ഇന്ത്യ റിലീസിനാണ് ഒരുങ്ങുന്നത്.

സിനിമയുടെ ഒന്നാം ഭാഗത്തെ മറികടക്കുന്ന തരത്തിലാണ് ബോയപതി രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബാലയ്യയുടെ മാസ് അപ്പീലും ആദ്യ ചിത്രം സ്ഥാപിച്ച പ്രശസ്തിയും അടിസ്ഥാനമാക്കിയാണ് ബോയപതി രണ്ടാം ഭാഗം ഒരുക്കുന്നത്. ആദി പിനിസെറ്റി ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിൽ അഭിനയിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ചിത്രത്തിൽ ബാലകൃഷ്ണയും ആദിയും തമ്മിൽ ഒരു പ്രധാന ആക്ഷൻ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദി പ്രധാന പ്രതിനായകനാകുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ബോയപതിക്ക് വലിയൊരു പദ്ധതിയുണ്ടെന്നാണ് സൂചന. ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെ ഈ പദ്ധതിയിൽ ഒരു പ്രധാന വേഷത്തിനായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരുപക്ഷേ പ്രധാന വില്ലന്റെ വേഷം പോലും അദ്ദേഹമായിരിക്കും ചെയ്യുകയെന്നാണ് അണിയറയിൽ പറയുന്നത്. നിലവിൽ ബോയപതി സഞ്ജയ് ദത്തുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്. സഞ്ജയ് ദത്തിനെപ്പോലുള്ള ഒരു പരിചയസമ്പന്നനായ നടനോടൊപ്പം ബോയപതി പ്രവർത്തിക്കുമെന്നത് ചിത്രത്തിൻ്റെ റീച്ച് കൂട്ടുമെന്നാണ് കരുതുന്നത്. ബാലകൃഷ്ണയും സഞ്ജയ് ദത്തും തമ്മിലുള്ള ചിത്രത്തിലെ സംഘട്ടനങ്ങളും പ്രേക്ഷകർക്ക് ഒരു പ്രധാന ആകർഷണമാകുമെന്ന് പ്രതീക്ഷിക്കുന്നത്.

സഞ്ജയ് ദത്ത് 1998 ൽ നാഗാർജുനയ്‌ക്കൊപ്പം ചന്ദ്രലേഖ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ബോളിവുഡ് റീമേക്കായ സഞ്ജീറിന്റെ തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പായ തുഫാനിലും രാം ചരണിനൊപ്പം ദത്ത് അഭിനയിച്ചു. അടുത്തിടെ പാൻ ഇന്ത്യൻ ഹിറ്റായ കെജിഎഫ് 2 ൽ ദത്ത് വില്ലനായും അഭിനയിച്ചിരുന്നു.

Share
Leave a Comment