Latest NewsKeralaNews

ചെയ്തത് തെറ്റ് തന്നെയാണെന്ന് ചെന്താമര : രക്ഷപ്പെടാൻ ആഗ്രഹമില്ലെന്നും പ്രതി

ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പാലക്കാട് സിജെഎം കോടതിയെ സമീപിച്ചിരുന്നു

നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു.

രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി ചെന്താമരയെ അനുവദിച്ചിരുന്നു. എന്നാൽ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ ചെന്താമര നിലപാട് മാറ്റി. കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര നിലപാട് വ്യക്തമാക്കി.

ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പാലക്കാട് സിജെഎം കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി രഹസ്യമൊഴിയെടുക്കാന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്താമരയെ അന്വേഷണ സംഘം ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കിയാക്കിയാണ് ചെന്താമരയുടെ രഹസ്യ മൊഴിയെടുക്കുന്നത്. ഇന്നലെ ചെന്താമരയെ ചിറ്റൂര്‍ കോടതിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയിരുന്നു. ഒരു ദിവസം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ പ്രത്യേക സെല്ലില്‍ നിരീക്ഷിച്ച ശേഷം മൊഴി രേഖപ്പെടുത്താമെന്ന് കോടതി ഇന്നലെ അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button