സിനിമ മേഖലയിലെ തര്‍ക്കം; മമ്മൂട്ടിയും മോഹന്‍ ലാലും ഇടപെട്ടെങ്കിലും നിലപാടിലുറച്ച് ജി സുരേഷ് കുമാര്‍

കൊച്ചി: സിനിമാമേഖലയിലെ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലം കണ്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടെങ്കിലും നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വഴങ്ങിയില്ല. സംഘടനയുടെ നിലപാടാണ് പറഞ്ഞതെന്ന് സുരേഷ് കുമാര്‍ ആവര്‍ത്തിച്ചു. ‘താരങ്ങളുടെ പ്രതിഫലം നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ സിനിമാ വ്യവസായം തകരുമെന്നും’ഫെബ്രുവരിയിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ സമൂഹത്തിനും ഇത് ബോധ്യപ്പെടുമെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോ.പ്രസിസന്റ് ജി സുരേഷ് കുമാര്‍ പറയുന്നത്.

READ ALSO: ദളപതി വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷയെന്ന് റിപ്പോർട്ടുകൾ : അവസാന ചിത്രമായ ജനനായകനിൽ പ്രതീക്ഷ അർപ്പിച്ച് ആരാധകരും

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിര്‍മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റില്‍ സ്റ്റീഫന്‍ പ്രതികരിച്ചിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ജനുവരിയില്‍ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാറിന്റെ മാത്രം തീരുമാനമല്ലെന്നും ലിസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മ്മാതാവ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത് ഒരു മേശയ്ക്ക് ഇരുവശം ഇരുന്നാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. അസോസിയഷന്റെ ഏത് തീരുമാനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നയാളാണ് ആന്റണി പെരുമ്പാവൂര്‍. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും, അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗം ചേരാതെ അതില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ അതിന് മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

 

Share
Leave a Comment