ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയില്‍ ഉന്നയിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടി നല്‍കി കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ്. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.
Read Also: സ്വകാര്യ ഭാഗത്ത് ഡംബല്‍ കെട്ടിത്തൂക്കിയിട്ടു: മന: സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയ ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ടു കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയം എന്നാണ് നല്‍കിയ മറുപടി. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കയ്യൊഴിഞ്ഞിരിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമന്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡല്‍ഹിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോടാണ് എംബസിയുടെ പ്രതികരണം. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് യെമന്‍ എംബസി വ്യക്തമാക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
Leave a Comment