ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ : യുവതി അനുഭവിച്ചത് കൊടിയ പീഡനം

ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റൻസിയയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് ഭർതൃ ഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ. മരിച്ച റൻസിയയുടെ ഭർത്താവ് ഷെഫീഖ്, ഇയാളുടെ പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജംസീന റൻസിയയെ ഫോണിൽ വിളിച്ചതായും മോശമായി സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ജംസീന റൻസിയയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്തു. ഇരുവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റൻസിയയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭ‍ർത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് റൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാൾ റൻസിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റൻസിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റൻസിയയും ഷെഫീഖും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞിരുന്നു. ഷെഫീഖ് നിരന്തരം റൻസിയയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.

Share
Leave a Comment