നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം: ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിൽ പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങൾ

ശ്രീന​ഗർ: ജമ്മു-കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ (എൽ.ഒ.സി.) ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ ഇന്നലെ പാക് സൈന്യം വെടിയുതിർത്തു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ വെടിവെയ്പ്.

ഇതിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ സേനയുടെ പ്രത്യാക്രണത്തിൽ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയിരുന്നു. അതിന് ശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം വളരെ അപൂർവമാണ്.

Share
Leave a Comment