റോം: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ദുര്‍ബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സര്‍ക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. യു.എസിലെ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാര്‍പ്പാപ്പയുടെ കടുത്ത വിമര്‍ശനം. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങള്‍ പാടില്ലെന്നും മാര്‍പാപ്പ കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരില്‍മാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തിയാണ്. നാടുകടത്തല്‍ മോശമായി കലാശിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്നെത്തിയവരാണ് കുടിയേറ്റക്കാര്‍. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തില്‍ നിര്‍മ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപ് വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ് ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ്.
Leave a Comment