ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി.

ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. അതേസമയം, ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി.

ഇതോടെ ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആയി. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേൽ നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു. ശനിയാഴ്ച്ച മൂന്ന് ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നായിരുന്നു മുൻധാരണ. അതേസമയം, നെതന്യാഹു പറഞ്ഞത് ഈ മൂന്ന് ബന്ദികളുടെ കാര്യമാണോ അതോ ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു.

വെടിനിർത്തൽ ധാരണ ലംഘിക്കുന്നത് ഇസ്രയേൽ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിർത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തിൽ വന്നതു മുതൽ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാൽ വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച നടത്തി. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കരുതെന്ന തന്റെ രാജ്യത്തിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ പറഞ്ഞു.

Share
Leave a Comment