തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. വട്ടിയൂര്‍ക്കാവ് ചെമ്പുക്കോണത്ത് ലക്ഷ്മിയില്‍ ഭാസ്‌കരന്‍ നായറുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ പൊള്ളലേറ്റ ഭാസ്‌കരന്‍ നായരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഫയര്‍ഫോസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിറ്റി യൂണിറ്റില്‍ നിന്നും നിലയത്തിലെ സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read Also: അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: പതിനാറുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഗ്യാസ് ചോര്‍ന്നതിന് പിന്നാലെ ഫ്രിഡ്ജ് റീ സ്റ്റാര്‍ട്ട് ആയപ്പോഴുണ്ടായ സ്പാര്‍ക്കില്‍ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. ഇതേസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാസ്‌കരന്‍ നായര്‍ ബഹളം വച്ചത് കേട്ടെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും അടുക്കള ഭാഗത്തും വര്‍ക്ക് ഏരിയയിലും തീ കത്തി കൊണ്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
തീപിടിത്തത്തില്‍ ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, മറ്റ് അടുക്കള സാമഗ്രികള്‍ എന്നിവ കത്തി നശിച്ചു. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വീടിന്റെ ഭിത്തി തകര്‍ത്താണ് പുറത്തേക്ക് തെറിച്ചു പോയത്. അടുക്കളക്ക് പിന്നിലുള്ള മതിലും പൊട്ടിത്തെറിയില്‍ തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം 300 മീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Leave a Comment