കത്തിയുമായി കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ സംഭവം: യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ബംഗളുരു: കത്തിയുമായി നഗരത്തില്‍ കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കഴുത്തിലാണ് ആഴത്തില്‍ മുറിവേറ്റത്. 26കാരനായ യുവാവാണ് അഞ്ച് പേരെയും കുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Read Also: മഹാകുംഭമേളയ്ക്ക് ട്രെയിനില്‍ കയറാനായില്ല’; ട്രെയിന്‍ തകര്‍ത്ത് യാത്രക്കാര്‍

ഇന്ദിരാനഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു ഭയാനകമായ സംഭവങ്ങള്‍ അരങ്ങേറിയത്. അഞ്ച് പേര്‍ക്ക് ഒരു രാത്രി തന്നെ കുത്തേറ്റതായി വാര്‍ത്തകള്‍ വന്നതോടെ, നഗരത്തില്‍ കൊലപാതകി കറങ്ങിനടക്കുന്നുവെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പറയുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളും പ്രചരിച്ചു. എന്നാല്‍ ഇത് തള്ളിയ പൊലീസ്, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അക്രമിയെ ഉടന്‍ തന്നെ പിടികൂടുമെന്നും അറിയിച്ചിട്ടുണ്ട്.

ജോഗുപാല്യ സ്വദേശിയായ കടംബ എന്ന 26കാരനാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയി. കഴിഞ്ഞ വര്‍ഷം ഒരു മൊബൈല്‍ ഫോണ്‍ മോഷണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീട് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ പിതാവും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ആദ്യം ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പിന്നില്‍ കയറി. പഴഞ്ഞത് പോലെ ഒരു സ്ഥലത്ത് വാഹനം തിരിക്കാതിരുന്നപ്പോള്‍ ബൈക്ക് ഉടമയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ചോരയൊലിച്ച് ഇയാള്‍ റോഡില്‍ കിടന്നപ്പോള്‍ യുവാവ് മുന്നോട്ട് നീങ്ങി. പിന്നീട് ഒരു പാനിപുരി കച്ചവടക്കാരന്റെ അടുത്തെത്തിയെങ്കിലും പാനിപുരി തീര്‍ന്നുപോയിരുന്നു. തെറി പറഞ്ഞ ശേഷം കച്ചവടക്കാരനെയും കുത്തി. ആളുകള്‍ പോകുന്നതു വരെ കാത്തിരുന്ന ശേഷമായിരുന്നു ഇത്.

പിന്നീട് മറ്റൊരു പാനിപൂരി കച്ചവടക്കാരന്റെ മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് കെ.ടി റോഡിലെ ഒരു ചിക്കന്‍ കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ഒരാളെയും കുത്തി. ഇതിന് ശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ബൈക്കോടിച്ചിരുന്നയാള്‍ എതിര്‍ത്തതോടെ അയാളെയും കുത്തിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഈ ബൈക്കും ബൈക്ക് ഉടമയുടെ ഫോണും കൊണ്ടാണ് രക്ഷപ്പെട്ടത്.

Share
Leave a Comment