![](/wp-content/uploads/2025/02/arnylnm2gygjcsm9zfxl2.1020.irzxsoy-4.webp)
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസ് അന്വേഷണം ഇനി ക്രൈം ബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ഇന്ന് പുറപ്പെടുവിക്കും. ഓരോ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാകും അന്വേഷണം മുന്നോട്ടുപോകുക. അതേസമയം, കസ്റ്റഡി കാലവധി അവസാനിച്ചതോടെ കേസിലെ പ്രധാനപ്രതി അനന്ദു കൃഷ്ണനെ പൊലീസ് ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതമാകും ഇന്ന് അനന്തുവിനെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കുക. അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
അനന്തുവിൻറെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീൽ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെർച്ച് വാറണ്ടിനായി കോടതിയിൽ ഇന്ന് അപേക്ഷയും നൽകും.
അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അനന്തുകൃഷ്ണൻറെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിൻറെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. മാസംതോറും ആനന്ദ് കുമാർ പണം കൈപ്പറ്റിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അനന്തുകൃഷ്ണൻ രൂപീകരിച്ച എൻ ജി ഒ കോൺഫെഡറേഷൻറെ ഉപദേശകനായിരുന്നു വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. അനന്തുവിൻറെ തട്ടിപ്പിന് ഇരയായ അങ്ങാടിപ്പുറം കെ എസ് എസ് എന്ന സംഘടനയുടെ ഭാരവാഹികൾ നൽകിയ പരാതിയിലാണ് രാമചന്ദ്രൻ നായരെ കൂടി പ്രതിയാക്കി പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. സായിഗ്രാമം മേധാവി ആനന്ദകുമാറടക്കം എൻ ജി ഒ കോൺഫെഡറേഷൻറെ അഞ്ച് ഭാരവാഹികളെ കൂടി പ്രതി ചേർക്കാൻ മൂവാറ്റുപുഴ പൊലീസും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ രാമചന്ദ്രൻനായർ നിഷേധിച്ചിട്ടുണ്ട്.
Post Your Comments