![](/wp-content/uploads/2017/04/depression.jpg)
തിരുവനന്തപുരം: മരണവീട്ടിലുണ്ടായ തര്‍ക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി പരുക്കേല്‍പിച്ചു. ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിനു സമീപം ചിത്രനഗര്‍ സ്വദേശി ദത്തന്‍ ജയന് (25) ആണ് പൊലീസിന്റെ ലാത്തിയടിയില്‍ സാരമായി പരുക്കേറ്റത്.
സംഭവത്തില്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.
ചെവിക്കും താടിയെല്ലിനും പൊട്ടലും ശരീരമാസകലം മുറിവുമുണ്ടായി. 2-ാം തിയതി രാത്രി ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതിനെ ചൊല്ലി മരണദിവസം ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ദത്തന്റെ സുഹൃത്ത് ആദിത്യനാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി ലാത്തിവീശി ആളുകളെ ഓടിക്കുകയും തല്ലുകയുമായിരുന്നു.
വിഷയത്തില്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ട് ഒരു കാര്യവും ഉണ്ടായില്ലെന്ന് ദത്തന്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ തീരുമാനിച്ചത്. പൊലീസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചു. തുടര്‍ന്നു ഭീഷണികള്‍ ഉണ്ടായതോടെ ജൂസ് കടയിലെ ജോലി നഷ്ടപ്പെട്ടെന്നും യുവാവ് പറയുന്നു. അതേ സമയം മരണവീട്ടിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ മൂന്നു തവണയാണ് പൊലീസിനു പോകേണ്ടി വന്നതെന്നാണ് വലിയതുറ പൊലീസ് പ്രതികരിക്കുന്നത്.
യുവാവിന്റെ പരാതിയില്‍ അന്വേഷിക്കും. അന്ന് രാത്രിയില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചതനുസരിച്ച് പോയതാണ്. മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ വിരട്ടിവിടുകയാണുണ്ടായതെന്നും ദത്തന്‍ എന്ന യുവാവിന് മര്‍ദനമേറ്റത് എങ്ങനെയെന്ന് അറിയില്ലെന്നും വലിയതുറ പൊലീസ് പറഞ്ഞു. പരാതി അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments