KeralaLatest News

പാതിവില തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി : എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

ക്രൈംബ്രാഞ്ച് മേധാവിയാകും നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക

തിരുവനന്തപുരം : പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്.  ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പുറമെ അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും.

ക്രൈംബ്രാഞ്ച് മേധാവിയാകും നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശമുണ്ട്. ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡിജിപി ഉത്തരവില്‍ പറയുന്നു.

തട്ടിപ്പിലൂടെ കിട്ടിയ കോടിക്കണക്കിന് രൂപ സംഭവാവനയായി രാഷ്ട്രീയനേതാക്കളും കൈപ്പറ്റിയതായി കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. ഭൂമിയും വാഹനങ്ങളും വാങ്ങി. ആഡംബര ജീവിതം നയിച്ചും പണം ചെലവഴിച്ചു. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.

രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരില്‍ വങ്ങിയ പണത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സീഡ് സൊസൈറ്റികളില്‍ നിന്നുള്ള പണം അനന്തുവിന്റെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് ലഭിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പാതി വില പദ്ധതിയുടെ ആശയം സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാറിന്റേതാണെന്നാണ് അനന്തു പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആനന്ദ കുമാറിന്റെ അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കും. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മത മൊഴി ഉള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button