48 മണിക്കൂറിൽ അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാർ !! ‘കള്ളനും ഭഗവതിയും’ യുട്യൂബിലും ഹിറ്റ്

ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

തിയറ്ററുകളിലും പിന്നീട് ഒടിടിയിലും പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമായ ‘കള്ളനും ഭഗവതിയും’ യുട്യൂബിലും ഹിറ്റ് . ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും 2023 മാര്‍ച്ചിലായിരുന്നു തിയറ്ററുകളില്‍ എത്തിയത്. പിന്നീട് ആമസോണ്‍ പ്രൈം വീഡിയോയി ഒടിടി സ്ട്രീമിംഗിലും ഹിറ്റായ ചിത്രം യുട്യൂബിലും ശ്രദ്ധനേടുന്നു.

ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെയായിരുന്നു റിലീസ്. ഇതിനകം5 ലക്ഷത്തിലധികം കാഴ്ചകള്‍ നേടിയിട്ടുണ്ട് യുട്യൂബില്‍ ഈ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാത്തപ്പന്‍ എന്ന കള്ളന്‍റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാലക്കാടിന്റെ ഹരിതാഭയാർന്ന മനോഹാരിതയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. സലിം കുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ചാന്താട്ടം എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

Share
Leave a Comment