ഡൽഹിയിൽ വിരിഞ്ഞത് നിരവധി താമരപ്പൂക്കൾ ! ബിജെപി കേന്ദ്രങ്ങളിൽ ആഘോഷം അലയടിക്കുന്നു : നിശബ്ദരായി എഎപിയും

ഇതുവരെയുള്ള ട്രെൻഡുകളിൽ 27 വർഷത്തിന് ശേഷം ബിജെപി ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഫലങ്ങൾ പുറത്ത് വരുന്നത്

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ കേന്ദ്രങ്ങളിലടക്കം ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. നേതാക്കളും അണികളും ഒന്നടങ്കം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയ കാഹളം മുഴക്കുന്നത്.

എന്നാല്‍ പരാജയ ഭീതിയില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ നിശബ്ദമായി. നിലവില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് 43 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമെല്ലാം പ്രവര്‍ത്തകര്‍ കൂടിച്ചേര്‍ന്ന് മധുരം വിതരണം ചെയ്തും പാടിയും ആടിയും ആഘോഷത്തിമര്‍പ്പിലാണ്.

നിലവിലെ ഭരണകക്ഷിയായ എ എ പി കേന്ദ്രങ്ങളില്‍ തോല്‍വി തിരിച്ചറിഞ്ഞതോടെ ആളും ആരവവും ഒഴിഞ്ഞുതുടങ്ങി. രാവിലെ വിജയ പ്രതീക്ഷയില്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കം എ എ പി കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ ബി ജെ പിയുടെ ശക്തമായ തിരിച്ചുവരവിന് തുടക്കമിട്ടിരുന്നു. ഇതോടെ ആഘോഷ നീക്കങ്ങളെല്ലാം എ എ പി കേന്ദ്രങ്ങളില്‍ ഉപേക്ഷിച്ചു.

ഇതുവരെയുള്ള ട്രെൻഡുകളിൽ 27 വർഷത്തിന് ശേഷം ബിജെപി ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഫലങ്ങൾ പുറത്ത് വരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച ആം ആദ്മി പാർട്ടി ഇത്തവണ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Share
Leave a Comment