ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയ സംഭവം: കോണ്‍ഗ്രസ് വ്യാപക പ്രതിഷേധത്തിന്

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാട് കടത്തിയതില്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. പിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് പ്രതിഷേധിക്കാനാണ് നിര്‍ദ്ദേശം.

Read Also: കേരളത്തെ കേന്ദ്രം വളരെയധികം അവഗണിച്ചു

ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയെന്നാരോപിച്ച് പാര്‍ലമെന്റില്‍ ഇന്നലെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബഹളം കാരണം രാജ്യസഭയും ലോക്‌സഭയും ആദ്യ ഘട്ടത്തില്‍ നിറുത്തിവയ്‌ക്കേണ്ട വന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിശദീകരണം നല്‍കിയെങ്കിലും, തൃപ്തരാകാതെ പ്രതിപക്ഷം കൂടുതല്‍ ശക്തമായി പ്രതിഷേധമുയര്‍ത്തി. വിദേശകാര്യമന്ത്രി അമേരിക്കന്‍ നടപടിയെ പാര്‍ലമെന്റില്‍ ന്യായീകരിക്കുകയാണ് ചെയ്തതെന്നാരോപിച്ചും പിന്നാലെ പ്രതിഷേധമുണ്ടായി.

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവന തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ലോക്‌സഭ നടപടികള്‍ ഇന്നലെ ബഹളം കാരണം സ്തംഭിച്ചു. കൈയ്യും കാലും കെട്ടിയിട്ട് നാല്പതു മണിക്കൂര്‍ നീണ്ട ഇന്ത്യക്കാരുടെ ദുരിത യാത്ര വിദേശകാര്യമന്ത്രി ന്യായീകരിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അറിവോടെയാണ് നാടുകടത്തല്‍ നടന്നതെന്ന് വ്യക്തമായിരിക്കെ നരേന്ദ്ര മോദി വിശദീകരണം നല്‍കണം എന്നും ആവശ്യപ്പെടുമെന്ന് നേതാക്കള്‍ അറിയിച്ചു. ചില രാജ്യങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാന്‍ അനുമതി നിഷേധിച്ചത് കാരണം നാല്പതു മണിക്കൂര്‍ എടുത്ത് വളഞ്ഞ വഴിയാണ് അമേരിക്കന്‍ വിമാനം അമൃത്സറില്‍ എത്തിയത്.

Share
Leave a Comment