കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ

 

എറണാകുളം: അബദ്ധത്തില്‍ കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ. എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇലഞ്ഞിക്കാവിലാണ് സംഭവം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രമേശനാണ് കിണറ്റില്‍ വീണത്. കിണറിന് സമീപത്ത് കുരുമുളക് പറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് രമേശന്‍ കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ഏകദേശം 40 അടി താഴ്ചയുണ്ടായിരുന്നു. ഏകദേശം അഞ്ച് അടി വെള്ളമുണ്ടായിരുന്നു.

Read Also: സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസ് : അനന്തു കൃഷ്ണൻ അഞ്ച് ദിവസം കസ്റ്റഡിയിൽ

അപകടം കണ്ട് ഓടിയെത്തിയ ഭാര്യ പത്മം ആദ്യം പുറത്തേക്ക് കയറാന്‍ വേണ്ടി ഒരു പ്ലാസ്റ്റിക് കയര്‍ എറിഞ്ഞു. പക്ഷേ വീഴ്ചയില്‍ പരിക്കേറ്റ് തളര്‍ന്നുപോയതിനാല്‍ രമേശന് അതില്‍ പിടിച്ച് കയറാനായില്ല. ഒറ്റയ്ക്ക് കയറാന്‍ കഴിയില്ലെന്ന് മനസിലായ ഭാര്യ അഗ്‌നിശമന സേനയെ വിളിക്കാന്‍ ബന്ധുക്കളെ അറിയിച്ചു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്ത് ചാടി.

ആദ്യം, പത്മം ഒരു കയര്‍ ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പിടി നഷ്ടപ്പെട്ടു കിണറിനുള്ളിലെ നാലാമത്തെ റിങ്ങില്‍ വീണു. മങ്ങിയ വെളിച്ചത്തില്‍ ഭര്‍ത്താവിനെ കാണാന്‍ കഴിഞ്ഞില്ല. പിന്നെ മറ്റൊന്നും ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി. ശേഷം ഭര്‍ത്താവിനെ സുരക്ഷിതമാക്കി കിണറിന്റെ പടവുകളില്‍ ചാരി നിര്‍ത്തി.

പിറവത്ത് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. പിന്നീട് കയറും വലയും ഉപയോഗിച്ച് ഇരുവരെയും വിജയകരമായി രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരിക്കുകളോടെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്മത്തിന്റെ ധീരതയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വലിയ അഭിനന്ദനമാണ് ലഭിച്ചത്.

 

Share
Leave a Comment