തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക് എതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. അതേസമയം, ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകള്‍ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോള്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. അതി സമര്‍ത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും കൊലപാതകത്തിന് പിറകില്‍ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷമയെ വിശ്വസിച്ചു. എന്നാല്‍ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാന്‍ കഴിയാതെ ആന്തരീകാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിക്ക് മുന്നില്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്ക് വിചാരണ കോടതി തൂക്ക് കയര്‍ വിധിച്ചത്.
Leave a Comment