KeralaLatest News

സിഎസ്ആര്‍ ഫണ്ടിൻ്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്: അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതി അനന്തു കൃഷ്ണനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. മുവാറ്റുപുഴ പൊലീസാണ് കസ്റ്റഡിയില്‍ എടുക്കുക. സംസ്ഥാനത്താകെ 350 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് കേസ്. സംസ്ഥാനം ആകെ വ്യാപിച്ചു കിടക്കുന്ന കേസ് ആയതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. അനന്തുവിൻ്റെ ഫ്ലാറ്റിൽ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ വന്നുപോയിരുന്നു എന്ന വെളിപ്പെടുത്തലും രാഷ്ട്രീയ നേതാക്കളുമായി അനന്തുവിന് അടുപ്പമുണ്ടായിരുന്നു എന്ന ആരോപണവും അന്തരീക്ഷത്തിൽ നിൽക്കെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം.

ജില്ലയിലെമ്പാടും ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്. കൃത്യമായ കണക്ക് പൊലീസിനും തിട്ടമില്ല. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കര്‍ഷകരും സാധാരണക്കാരുമാണ്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.

സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.

ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.

പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button