മലപ്പുറം: നിക്കാഹിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ ആത്മഹത്യ ചെയ്തത്. യുവതിയുടെ നിക്കാഹ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മരണം. കാമുകനെ വിവാഹം കഴിക്കാനാകാത്തതിന്റ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഷൈമ ജീവനൊടുക്കിയതിന് പിന്നാലെ ആൺസുഹൃത്തും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടിയുടെ ആൺസുഹൃത്ത് സജീർ കൈഞെരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സജീർ അപകടനില തരണം ചെയ്തു. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക.പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് യുവതിയുടെ പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു.
പിതാവ് മരിച്ചതിനെ തുടർന്നാണ് യുവതിയും കുടുംബവും അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലേക്ക് താമസത്തിനെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങൾ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെൺകുട്ടിയെ പക്ഷേ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. നിക്കാഹിന് പെൺകുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
വീടിന് സമീപത്തുള്ള 19കാരനായ ഒരു യുവാവുമായി പെൺകുട്ടി ഇഷ്ടത്തിലായിരുന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ഇയാളെ വിവാഹം കഴിക്കണമെന്ന് കുട്ടിക്ക് താത്പര്യവുമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാർ ഉറപ്പിച്ചത്. എന്നാൽ ആഗ്രഹിച്ച വിവാഹം നടക്കാത്തതിൽ പെൺകുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments