മുകേഷിനെതിരായ കുറ്റപത്രം കോടതി മടക്കി: കാരണം അറിയാം

മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്.

കൊച്ചി: ബലാത്സം​ഗത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ തീയതികളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പിഴവ് തിരുത്തി കുറ്റപത്രം സമർപ്പിക്കാനും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്.

താരസംഘടനയായ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടൻ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു..

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ് ഐ ടി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസടുത്തത് മരട് പൊലീസാണ്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മുകേഷിന്റെ കാര്യത്തിൽ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആർക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോൾ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് ഇ പി ജയരാജനും വ്യക്തമാക്കി.

Share
Leave a Comment