കോഴിക്കോട് സ്വകാര്യ ബസ് നഗരമധ്യത്തിൽ അപകടത്തിൽപ്പെട്ട് 40 പേർക്ക് പരുക്ക് : ഒരാളുടെ നില ഗുരുതരം

കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. അരയിടത്തുപാലത്തിന് സമീപം ഗോഗുലം മാളിന് മുൻവശത്ത് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.

ഇതേതുടർന്ന് നായനാർ മേൽപ്പാലം വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. നഗരത്തിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.  പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ എട്ട് പേരെ മെഡിക്കല്‍ കോഴിക്കോട് കോളജിലും മറ്റുള്ളവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ബസിന്റെ മുന്‍ഭാഗം ഊരിത്തെറിച്ച നിലയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വേഗതയിലായിരുന്നു ബസെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Share
Leave a Comment