തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങള്‍ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ശ്രീതു ഒറ്റക്കല്ലെന്നു നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
Read Also: ബഹിരാകാശത്തെത്തിച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍
വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം സഹായികളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. പത്ത് പേരാണ് ശ്രീതുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ദേവസ്വം സെക്ഷന്‍ ഓഫിസര്‍ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്. ഒരു വര്‍ഷം മുമ്പ് ഷിജുവിന് ഉത്തരവ് കൈമാറിയിരുന്നു. 28000 രൂപ ശമ്പളം എന്നാണ് ഉത്തരവില്‍ ഉള്ളത്. ശ്രീതുവിന്റെ ഓഫീഷ്യല്‍ ഡ്രൈവര്‍ എന്നാണ് നിയമനത്തെക്കുറിച്ച് പറഞ്ഞത്. ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ കാറുമായി എത്താനായിരുന്നു എപ്പോഴും നിര്‍ദേശിച്ചിരുന്നത്. അവിടെ വെച്ച് ശ്രീതു കാറില്‍ കയറും. എന്നാല്‍ ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫീസില്‍ കയറ്റിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
അതിനിടെ ശമ്പളത്തില്‍ കുടിശിക വന്നു. അതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ ഒരുമിച്ചു നല്‍കി. പിന്നീട് കുഞ്ഞ് മരിച്ചപ്പോഴാണ് ഷിജുവിന് ഇതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായതെന്നും പൊലീസ് വെളിപ്പെടുത്തി. ശ്രീതുവിനെതിരെ പരാതിപ്പെട്ടവരില്‍ ഭൂരിഭാഗം പേരും രേഖാ മൂലം പരാതി നല്‍കിയിട്ടില്ല. നിയമനത്തിനായി ശ്രീതു 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ഷിജുവിന്റെ മൊഴി.
Leave a Comment