ബാലരാമപുരം കൊലയുടെ ചുരുളഴിഞ്ഞു: രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മാവന്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി.

Read Also: നല്ല ജോലി ലഭിച്ചില്ല, വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ജീവനൊടുക്കി

കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്. കേസില്‍ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. സംഭവത്തില്‍ പൊലീസ് തന്നെ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവെന്ന മറുപടിയാണ് ഹരികുമാര്‍ നല്‍കിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവില്‍ കുറ്റം സമ്മതിച്ചത്. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ രാവിലെ മുതല്‍ അടിമുടി ദുരൂഹത തുടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് രാവിലെ തന്നെ കുട്ടിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശി, അമ്മയുടെ സഹോദരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കോട്ടുകാല്‍ക്കോണം സ്വദേശി ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളായ ദേവേന്ദുവാണ് മരിച്ചത്.

 

Share
Leave a Comment