തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കെ എസ് യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറര്‍ സച്ചിന് എന്നിവരാണ് അറസ്റ്റിലായത്.
ആലുവയില്‍ നിന്നാണ് മാള പോലീസ് ഇവരെ പിടികൂടിയത്. ഇവരടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ പരുക്കേറ്റ ആശിഷ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അവിടെയെത്തി ആശിഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കെ എസ് യു നേതാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍ പേഴ്സണ്‍ പറഞ്ഞു.
സ്കിറ്റ് മത്സരം തീര്‍ന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കെഎസ്യുക്കാര് അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണെന്നും ചെയര്‍ പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
Post Your Comments