Latest NewsKerala

ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സ്വാമിയുടെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് വെച്ചു: പ്രതിഅറസ്റ്റിൽ

കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് വെച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കളനാട് ബാല​ഗോപാല ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കിഷോർ കുമാറാണ് അറസ്റ്റിലായത്. ജനുവരി ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ കിഷോറിന്റെ സുഹൃത്ത് വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത്​ കള്ളനോട്ടാണെന്ന്​ കണ്ടെത്തിയ കടയുടമ വിനോദിൻ്റെ പേരിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിനോദിന്​ കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന്​​ വ്യക്തമായി. ഇതോടെയാണ് സുഹൃത്ത് കിഷോർ കുമാറിലേക്ക് അന്വേഷണം തിരിഞ്ഞത്. വിനോദും കിഷോർ കുമാറും ഉൾപ്പെട്ട സംഘം ശബരിമലയിൽ​ പോയി തിരിച്ചുവന്നശേഷമാണ്​ മൊബൈൽ കടയിൽ നോട്ട്​ നൽകിയത്. ഇത് മനസ്സിലാക്കിയ പൊലീസ്​ സംഘം വിനോദിനൊപ്പം ശബരിമലയ്ക്ക്​ പോയവരെക്കുറിച്ച്​ അന്വേഷണം നടത്തി. ഇതിനിടെയാണ് കിഷോർ കുമാറിനെ കുറിച്ച് പൊലീസിന്​ രഹസ്യ വിവരം ലഭിക്കുന്നത്. നാലുമാസം മുമ്പ്​ മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽനിന്ന്​ 500ൻ്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ കിഷോർ കുമാർ നേരത്തെ അറസ്റ്റിലായിരുന്നു.

ശബരിമല ദർശനത്തിനിടെ​ പമ്പയിൽ ഇവർ താമസിച്ച സ്ഥലങ്ങൾ പൊലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കിഷോർ കുമാർ വിനോദിൻ്റെ ഇരുമുടിക്കെട്ടിൽ താൻ കള്ളനോട്ട്​ തിരുകിയെന്ന് സമ്മതിക്കുകയുമായിരുന്നു. വിനോദിൻ്റെ ഇരുമുടി ക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടിൽ ഏഴ് 500ൻ്റെ കള്ളനോട്ടുകൾ തിരുകി ഒറിജിനൽ എടുത്തുവെന്നും പൊലീസിനോട് പറഞ്ഞു. കിഷോർ കുമാറിൻ്റെ വീട്ടിലെ കക്കൂസ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ ടാങ്കിൽ ദ്രവിച്ച് തുടങ്ങിയ പ്രിന്റിങ്​ മെഷീന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തി. ഇയാളെ ഹോസ്ദുർ​ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button