ജമ്മു കശ്മീരിലെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അജ്ഞാത രോഗമല്ല: ദുരൂഹതകള്‍ ഏറെയെന്ന് കേന്ദ്രമന്ത്രി

ശ്രീനഗര്‍:ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 17 പേരുടെ മരണത്തിനിടയാക്കിയ നിഗൂഢ രോഗത്തിന് കാരണം പകര്‍ച്ചവ്യാധിയാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച തള്ളിക്കളഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അജ്ഞാത വിഷവസ്തുക്കളാണ് മരണത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also:മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി പാലക്കാട് രൂപത

‘ലക്നൗവിലെ സിഎസ്‌ഐആര്‍ ലാബ് നടത്തിയ പ്രാഥമിക അന്വേഷണമനുസരിച്ച്, ഇത് അണുബാധയോ ബാക്ടീരിയ സ്വഭാവമുള്ളതോ അല്ല. വിഷവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍, ഇത് ഏതുതരം വിഷവസ്തുവാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷയം എല്ലാ കോണുകളില്‍ നിന്നും അന്വേഷിച്ചുവരികയാണെന്നും ഗൂഢാലോചന കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഡിസംബര്‍ 7 മുതല്‍ ജനുവരി 19 വരെ നീണ്ടുനില്‍ക്കുന്ന മരണങ്ങള്‍, രജൗരിയിലെ വിദൂര ബദാല്‍ ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളിലാണ് സംഭവിച്ചത്. പിന്നാലെ ബുധനാഴ്ച പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപ്പിച്ചു. പരിഭ്രാന്തി തടയാന്‍ പൊതു-സ്വകാര്യ ഒത്തുചേരലുകള്‍ക്കും നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മരിച്ച കുടുംബങ്ങളുടെ അടുത്ത ബന്ധുക്കളായ നാല് ഗ്രാമീണര്‍ കൂടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

അന്വേഷണം ഊര്‍ജിതമാക്കുന്നു

ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം 11 അംഗ അന്തര്‍ മന്ത്രാലയ സംഘത്തെ രൂപീകരിച്ചു. ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയില്‍ ഒരു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 17 ആയി ഉയര്‍ന്നതിന് ഒരു ദിവസത്തിന് ശേഷമാണ് സംഘം ഞായറാഴ്ച രജൗരി ജില്ലയില്‍ എത്തിയത് .

പനി, വേദന, ഓക്കാനം, തീവ്രമായ വിയര്‍പ്പ്, ബോധം നഷ്ടപ്പെടല്‍ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് പലപ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കുന്നു.

ഗ്രാമത്തിലെ മരണങ്ങള്‍ ഏതെങ്കിലും പകര്‍ച്ചവ്യാധിയുടെ ഫലമല്ലെന്നും ഭക്ഷ്യവസ്തുക്കളിലെ വിഷാംശം തിരിച്ചറിയുന്നതിലേക്ക് അന്വേഷണം ചുരുക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന എപ്പിഡെമിയോളജിസ്റ്റും ജിഎംസി രജൗരിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍സ് വിഭാഗം മേധാവിയുമായ ഡോ.ഷുജ ഖാദ്രി പറഞ്ഞു. 200 ലധികം ഭക്ഷണ സാമ്പിളുകള്‍ രാജ്യവ്യാപകമായി സ്‌ക്രീനിങ്ങിനായി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചിട്ടുണ്ട്.

‘ടോക്സിനുകളുടെ പാനലിനെ അടിസ്ഥാനമാക്കി, ലബോറട്ടറികള്‍ ഒരാഴ്ചയ്ക്കോ 10 ദിവസത്തിനോ ഉള്ളില്‍ വിഷം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, കൂടുതല്‍ മരണങ്ങള്‍ തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയും,’ ഖാദ്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Share
Leave a Comment