തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോണ്സണ് ഓസേപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്സണ്. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്സണ്. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്സണ് ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ആതിരയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ സമയങ്ങളില്‍ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മൂന്ന് ദിവസം മുന്‍പ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിന്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Leave a Comment