കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : അഞ്ച് സിപിഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

യുഡിഎഫ് നേതാക്കളും ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം

കൊച്ചി: കൂത്താട്ടുകുളത്തെ സിപിഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിപിഎം ഏരിയ സെക്രട്ടറി പി ബി രതീഷ് അടക്കമുള്ള നേതാക്കളാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

യുഡിഎഫ് നേതാക്കളും ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, കേസിൽ രാഷ്ട്രീയവ്യത്യാസമില്ലാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും രഹസ്യമൊഴി കൂടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും ആലുവ റൂറൽ എസ്പി പറഞ്ഞു. ജനുവരി 18നാണ് നടുറോഡിൽ, സംഘർഷത്തിനിടെ സിപിഐഎം പ്രവർത്തകർ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നാണ് ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.

Share
Leave a Comment