ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട് ബാദല്‍ ഗ്രാമത്തിലുണ്ടായ കൂട്ടമരണത്തിന് പിന്നില്‍ കീടനാശിനിയാണെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൂട്ടമരണമുണ്ടായ വീടുകളിലുള്ളവര്‍ വെള്ളമെടുക്കുന്ന സമീപത്തെ ബാവോളി എന്ന പേരിലറിയപ്പെടുന്ന ജലസംഭരണിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവര്‍ നേരിട്ടെത്തിയാണോ ഇവിടെ നിന്ന് വെള്ളം എടുത്തത് എന്നതില്‍ ഇനിയും സ്ഥിരീകരണം ആയിട്ടില്ല.
Read Also: മാപ്പ് തരണം, ദേഷ്യത്തില്‍ പറഞ്ഞതാണ്: അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
രജൗരിയിലെ ബദാല്‍ ഗ്രാമത്തിലാണു കൂട്ടമരണം വലിയ രീതിയില്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നു. 14 കുട്ടികളടക്കം മരിച്ച സംഭവം ദേശീയശ്രദ്ധ നേടിയതിന് പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മരണകാരണം അറിയാന്‍ ഉന്നത സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷകരെയും നിയോഗിച്ചിരുന്നു. പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണു രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത്. ഒന്നര കിലോമീറ്ററിനുള്ളിലെ വീടുകളിലെ 16 പേരാണ് ഡിസംബര്‍ 7 മുതല്‍ ജനുവരി 17നും ഇടയിലായി രജൗരിയില്‍ 6 ആഴ്ചയ്ക്കിടെ അസ്വഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടത്. ന്യൂറോടോക്‌സിന്‍ വിഭാഗത്തിലുള്ള വിഷാംശം ഉള്ളില്‍ ചെന്നതാണു മരണകാരണമെന്നും സംശയമുണ്ടായിരുന്നു. മേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ അടക്കം ജലം ശേഖരിക്കുന്ന ബാവോളി അടച്ചിടാന്‍ പ്രാദേശിക ഭരണകൂടം ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏതെങ്കിലും രീതിയിലുള്ള ദുരൂഹ രോഗം ആണോ സംഭവത്തിന് പിന്നിലുള്ളതെന്ന സാധ്യത കേന്ദ്രസംഘം നേരത്തെ തള്ളിയിരുന്നു. വൈറസോ ബാക്ടീരിയയോ മൂലമുണ്ടാകുന്ന രോഗമല്ല മരണകാരണമെന്നും കേന്ദ്രസംഘം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നയിക്കുന്ന സംഘത്തില്‍ ആരോഗ്യം, കൃഷി, രാസവളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. സംഘം പ്രദേശത്തുനിന്നു ശേഖരിച്ച ജലസാംപിളുകള്‍ പരിശോധിച്ചപ്പോഴാണു കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. 3500 സാംപിളുകളില്‍ വൈറസുകളുടെയോ ബാക്ടീരിയകളുടെയോ സാനിധ്യം കണ്ടെത്താനായിട്ടില്ല. ഇതിനോടകം ഗ്രാമത്തിലെ 5700 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
മരണപ്പെട്ടവരെല്ലാം തന്നെ ഒരേ ആരോഗ്യ അവസ്ഥ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. തലച്ചോറില്‍ നീര്‍ക്കെട്ട് മരണപ്പെട്ട എല്ലാവരിലും അനുഭവപ്പെട്ടിരുന്നു. തലച്ചോറില്‍ സാരമായ തകരാറ് അനുഭവപ്പെട്ടിരുന്നു. ഇവരുടെ രോഗാവസ്ഥയില്‍ പുരോഗതിയുണ്ടാക്കാന്‍ സാധ്യമാക്കുന്ന അവസ്ഥയുണ്ടായിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് ഏതാനും ദിവസം മുന്‍പ് വിശദമാക്കിയത്. 2024 ഡിസംബറില്‍ ഒരു കുടുംബത്തിലെ 7 പേര്‍ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ 5 പേര്‍ മരിക്കുകയും ചെയ്തു. ഡിസംബര്‍ 12ന് മറ്റൊരു കുടുംബത്തിലെ 9 പേര്‍ക്കും അസുഖം ബാധിച്ചു. ഇതില്‍ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേര്‍ക്ക് അസുഖം ബാധിച്ചതില്‍ 5 കുട്ടികള്‍ മരിച്ചു. ഇവര്‍ സമൂഹ അന്നദാനത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Leave a Comment