കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി : തട്ടിക്കൊണ്ടുപോയ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തു

നഗരസഭാ അധ്യക്ഷയുടെ ഔദ്യോഗിക വാഹനമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

കൂത്താട്ടുകുളം : തട്ടിക്കൊണ്ടു പോകലിന് ഇരയായ കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജുവിന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് കലാരാജു. കൂടാതെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്തു.

നഗരസഭാ അധ്യക്ഷയുടെ ഔദ്യോഗിക വാഹനമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിലാണ് നടപടി. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നുള്‍പ്പെടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം, കലാരാജുവിനെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് സിപിഎം. കലാ രാജു കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ഓഫീസിലിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.

കലാരാജുവിന് കാലു മാറാന്‍ യു ഡി എഫ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെന്നാണ് സിപിഎം ആരോപണം. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ നേരത്തെ പരാതി നല്‍കിയിട്ടും പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും സംഭാഷണത്തിലുണ്ട്.

Share
Leave a Comment